കോവിഡ് 19 പ്രതിരോധം: കുവൈത്തില്‍ ഇന്ന് സംഭാവന കാംപയിന്‍

corona in kuwait

കുവൈത്ത് സിറ്റി: മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിനു വേണ്ടി കുവൈത്ത് ഇന്ന് സംഭാവന കാംപയിന്‍ നടത്തും. കുവൈത്തിലെ 41 ചാരിറ്റി സംഘടനകള്‍ കാംപയിനില്‍ പങ്കെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കാംപയിന്‍ നടത്തുക.
ഓണ്‍ലൈന്‍ വഴിയാണ് സംഭാവന സ്വീകരിക്കുകയെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ശുഐബ് അറിയിച്ചു.

അതേസമയം, കോവിഡ് 19 പ്രതിരോധത്തിനായി കുവൈത്ത് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ഫണ്ടില്‍ 22,807,885 ദിനാര്‍ സംഭാവന ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് വരെയുള്ള കണക്കാണിത്. കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റാണ് ഏറ്റവും കൂടുതല്‍ തുക സംഭവന ചെയ്തത്. ഒരു കോടി ദിനാറാണ് ഇവരുടെ സംഭവന. ഏറ്റവും ചുരുങ്ങിയ സംഭാവന കുവൈത്തിലെ സാധാരണക്കാരന്‍ നല്‍കിയ 10 ദീനാറാണെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ വൈറസ് ബാധയില്‍നിന്നു രോഗവിമുക്തരായവരുടെ എണ്ണം 64 ആയി. കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ചികില്‍സയിലുള്ളവര്‍ 168 ആണ്. ഇതില്‍ 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തികള്‍-128, ഈജിപ്തുകാര്‍-14 , ഇന്ത്യക്കാര്‍-7 , ഫിലിപ്പീനികള്‍-7, സോമാലിയ-4, ലബനീസ്-3, സ്‌പെയിന്‍-2, അമേരിക്ക-1, സുഡാന്‍-1, ഇറാഖ്-1 എന്നിങ്ങനെയാണ് വൈറസ് സ്ഥിരീകരിച്ചവര്‍.