വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പ്രവാസി മലയാളി അണുബാധ മൂലം മരിച്ചു

nandu ashokan death news

കുവൈത്ത് സിറ്റി: കുവൈത്തിലെ വെള്ളപ്പൊക്കത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ യുവ മലയാളി എന്‍ജിനീയര്‍ അണുബാധമൂലം മരിച്ചു. എലിപ്പനിയെന്നാണ് സംശയം. പുനലൂര്‍ ഇടമണ്‍ ആനപെട്ടകോങ്കല്‍ അശോക ഭവനില്‍ നന്ദു അശോകന്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു.

കുവൈത്ത് അല്‍ ഹുവൈയിലെ ആര്‍ക്ക് ഹോം എന്‍ജിനീയറിങ് കണ്‍സള്‍റ്റന്‍സിയിലെ എന്‍ജീനിയറായിരുന്നു. രണ്ടാഴ്ച മുന്‍പ് കുവൈത്തിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും ശുചീകരണത്തിലും പങ്കാളിയായിരുന്നു.

ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം 7 ന് രാവിലെ നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മരിച്ചത്. ആന്തരാവയവങ്ങള്‍ക്കെല്ലാം അണുബാധയേറ്റതായാണ് മെഡിക്കല്‍ റിപോര്‍ട്ട്.

കൂടുതല്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കൂ. നന്ദുവിന് ഒപ്പം രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്കും അസ്വസ്ഥതകളുണ്ട്.

മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആനപെട്ടകോങ്കല്‍ സി കേശവന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമ പഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരന്‍ സനന്തു അശോകന്‍.
ALSO WATCH