സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ ഒഴുകി; നിയന്ത്രിക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്കുള്ള കാണികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. അമീര്‍ കപ്പിന് കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഡിയങ്ങളിലേക്ക് വന്‍തോതില്‍ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കാണികള്‍ എത്തിയതെന്നാണ് ആരോപണം.
പലയിടത്തും ഗാലറികള്‍ നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ഇരുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഫുട്ബോള്‍ അസോസിയേഷനുമായി ഞായറാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ മാര്‍ഗരേഖയും കര്‍മപദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം പ്രവേശനം വീണ്ടും അനുവദിക്കും. അമീര്‍ കപ്പ് ഫുട്ബാള്‍ സെമി ഫൈനലില്‍ ഗാലറിയില്‍ കാണികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
സ്റ്റേഡിയത്തിന്റെ ശേഷിയുടെ 30 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മന്ത്രിസഭ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന് അനുമതി നല്‍കിയത്.
പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം എന്നും മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കാണികളുടെ കുത്തൊഴുക്കില്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞില്ല. അനുവദിക്കപ്പെട്ട പരിധിയേക്കാള്‍ രണ്ടിരട്ടി ആളുകള്‍ കളി കാണാനെത്തി. നവംബര്‍ 23നാണ് അമീര്‍ കപ്പ് ഫുട്ബാള്‍ ഫൈനല്‍.
ALSO WATCH