Monday, December 5, 2022
HomeGulfKuwaitഇന്ത്യയിലെ വാക്‌സിന് കുവൈത്തില്‍ അംഗീകാരമില്ല; പ്രവാസികള്‍ക്ക് ആശങ്ക

ഇന്ത്യയിലെ വാക്‌സിന് കുവൈത്തില്‍ അംഗീകാരമില്ല; പ്രവാസികള്‍ക്ക് ആശങ്ക

കുവൈത്ത് സിറ്റി: ഫൈസര്‍, അസ്ട്രാസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കു മാത്രമാണ് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ്. ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളുടെ പേര് പട്ടികയിലില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്.

വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ തടസ്സമില്ലാതെ മടങ്ങാമെന്ന് കരുതി ഇന്ത്യയില്‍ വാക്‌സിനെടുത്ത് കാത്തിരിക്കുന്ന പ്രവാസികള്‍ നിരവധിയാണ്. ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ്, കോവാക്‌സിനുകള്‍ക്ക് കുവൈത്ത് അംഗീകാരം നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അസ്ട്രാസെനക വാക്‌സിന്റെ അതേ ടെക്‌നോളജി ഉപയോഗിച്ചാണ് കോവിഷീല്‍ഡ് നിര്‍മിക്കുന്നതെന്നതിനാല്‍ ഖത്തര്‍ ചെയ്തതു പോലെ ഈ വാക്‌സിന് കുവൈത്തിലും അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചാല്‍ അല്ലാതെ കുവൈത്തിന് പുറത്ത് പോകാന്‍ അനുമതി നല്‍കില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തിനേടിയവര്‍ക്കും കുവൈത്തില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്കും രോഗമുക്തി നേടി 90 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്കുമാണ് ഇളവ്.

കുവൈത്തില്‍ ഇറങ്ങുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂര്‍ സമയപരിധിയില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തില്‍ വിമാനം ഇറങ്ങിയ ഉടനെയുള്ള പിസിആര്‍ പരിശോധനാ ഫീസ് വിമാനം പുറപ്പെടുന്നതിന് മുന്‍പ് Kuwaitmosafer ആപ്പ് വഴി അടച്ചിരിക്കണം. കുവൈത്തില്‍ എത്തി മൂന്നാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് അല്ലെങ്കില്‍ ക്വാറന്റീനില്‍ പ്രവേശിക്കണം.
ALSO WATCH

 

Most Popular