Wednesday, January 19, 2022
HomeGulfKuwaitനിബന്ധനകള്‍ കര്‍ശനമാക്കുന്നു; നിരവധി പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിച്ചേക്കും

നിബന്ധനകള്‍ കര്‍ശനമാക്കുന്നു; നിരവധി പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനക്കാന്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച പ്രവാസികളുടെ ശമ്പളവും യോഗ്യതയും പരിശോധിച്ച് നിശ്ചിത ഉപാധികള്‍ പാലിക്കുന്നില്ലെങ്കില്‍ ലൈസന്‍സ് പിന്‍വലിക്കാനാണ് അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫിന്റെ നിര്‍ദേശം. പ്രാദേശിക പത്രമാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഉദാഹരണത്തിന് 600 ദീനാര്‍ ശമ്പളമുള്ള ബിരുദധാരിയായ അക്കൗണ്ടന്റ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ശേഷം 400 ദിനാര്‍ ശമ്പളമുള്ള മറ്റൊരു ജോലിയിലേക്ക് മാറിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കപ്പെടും. ഡ്രൈവര്‍ തസ്തികയില്‍ ലൈസന്‍സ് ലഭിച്ച ഒരാള്‍ ബാര്‍ബര്‍ പോലുള്ള മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് മാറിയാലും ലൈസന്‍സ് റദ്ദാകും. അതേ സമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത ശമ്പളം ഇല്ലെങ്കിലും ഇളവ് നല്‍കും. എന്നാല്‍, മാധ്യമപ്രവര്‍ത്തനമല്ലാത്ത മറ്റ മേഖലകളിലേക്ക് ജോലി മാറിയാല്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യും.

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകളിലൊന്ന് വര്‍ക്ക് പെര്‍മിറ്റില്‍ 600 കുവൈത്തി ദിനാര്‍ ശമ്പളം വേണമെന്നുള്ളതാണ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുമ്പോള്‍ ഉപാധികള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ പുതുക്കി നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

പഴയ ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ക്ക് അത് പുതുക്കുന്നതിന് ഗ്രേസ് പിരീഡ് അനുവദിക്കും. പുതുക്കിയ നിബന്ധനകള്‍ നടപ്പാക്കുന്നതിനും സ്മാര്‍ട്ട് ലൈസന്‍സ് അനുവദിക്കുന്നതിനും വേണ്ടിയാണിത്.

 

Most Popular