Monday, November 29, 2021
HomeGulfKuwaitകുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. 83കാരനും അര്‍ധ സഹോദരനുമായ കിരീടാവകാശി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് പുതിയ ഭരണാധികാരിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

ജൂലൈയില്‍ ശെയ്ഖ് സബാഹ് ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. 2006 മുതല്‍ കുവൈത്ത് അമീറാണ് ശെയ്ഖ് സബാഹ്.

ഇറാഖി സൈന്യം കുവൈത്തില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് 1990-91ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെ പിന്തുണച്ചിരുന്ന രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ പേരില്‍, അറബ് നയതന്ത്രത്തിന്റെ ഡീന്‍ എന്നാണ് കുവൈത്ത് അമീറിനെ വിശേഷിപ്പിക്കാറുള്ളത്. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതില്‍ ശെയ്ഖ് സബാഹ് നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു.

kuwati amir dies

ശെയ്ഖ് സഅദ് അല്‍ അബ്ദുല്ല സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2006 ജനുവരിയിലാണ് ശെയ്ഖ് സബാഹ് അധികാരമേറ്റത്. മുന്‍ അമീര്‍ ജാബര്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് കീഴില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു. അതിന് മുമ്പ് 1963 മുതല്‍ 91 വരെയും 1992 മുതല്‍ 2003വരെയും കുവൈത്തിന്റെ വിദേശകാര്യ മന്ത്രി സ്ഥാനം കൈകാര്യം ചെയ്തിരുന്നു.

കഴിഞ്ഞ 260 വര്‍ഷമായി കുവൈത്ത് ഭരിക്കുന്നത് സബാഹ് കുടുംബമാണ്. രാജ്യത്ത് പാര്‍ലമെന്റ് ഉണ്ടെങ്കിലും രാഷ്ട്രീയ കാര്യങ്ങളില്‍ അവസാന വാക്ക് അമീറിന്റേതാണ്. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ റദ്ദാക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനും അമീറിന് അധികാരമുണ്ട്.

Kuwait Emir Sheikh Sabah al-Sabah dies aged 91


 

Most Popular