കുവൈത്ത് സിറ്റി: കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോലിസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖ്(60) ആണ് മരിച്ചത്. കുവൈത്തിലെ അബ്ബാസിയയിലാണ് സംഭവം.
വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്നതായിരുന്നു റസാഖിന്റെ തൊഴില്‍. കഴിഞ്ഞ ദിവസം പകല്‍ ഹസാവി പ്രദേശത്തുവെച്ച് ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി റസാഖിന്റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ പിടിച്ചുപറിക്കുകയായിരുന്നു. വിവരം സ്പോണ്‍സറെയും കൂടെ താമസിക്കുന്നയാളെയും അറിയിച്ച് പോലിസില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. റസാഖിന്റെ മൊബൈലിലേക്ക് നിരന്തരം വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് റസാഖിന്റെ മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചത്. അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. റസാഖിന്റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.
ALSO WATCH