കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ബുസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നു

Covid-19 drive-through vaccination centre

കുവൈത്ത് സിറ്റി: സ്വദേശികള്‍ക്ക് വിദേശത്ത് പോകുന്നതിനും വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്ന കാര്യം ആലോചനയില്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് കുവൈത്ത് അധികൃതര്‍ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനു വേണ്ടി വിദേശത്ത് നിന്ന് ഇതുവരെ 539708 അപേക്ഷ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശികള്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിന് അവരുടെ രാജ്യത്ത് നിന്നുമുള്ള കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 194962 അപേക്ഷ വിവിധ കാരണങ്ങളാല്‍ നിരാകരിച്ചിട്ടുണ്ട്.

സമര്‍പ്പിച്ച ഡാറ്റ കൃത്യമല്ലാത്തവയാണ് നിരാകരിക്കപ്പെട്ടവയില്‍ 41%. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തതയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതുമാണ് 29% അപേക്ഷ നിരാകരിക്കാന്‍ കാരണം. സര്‍ട്ടിഫിക്കറ്റ് കൃത്യമായി അറ്റാച്ച് ചെയ്യാത്തിനാല്‍ 27% അപേക്ഷ തള്ളി. കുവൈത്തില്‍ അംഗീകാരമില്ലാത്ത വാക്‌സീന്‍ ആയതിനാല്‍ 3% അപേക്ഷ നിരാകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.