കു​വൈ​ത്തി​ല്‍​നി​ന്ന്​ ചി​കി​ത്സ​ക്ക് ഇ​ന്ത്യ​യി​​ലേ​ക്ക്​​ കൊ​ണ്ടു​പോ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി

sadhka'

കുവൈത്ത് സിറ്റി: സൈനിക വിമാനത്തില്‍ കുവൈത്തില്‍നിന്ന് ചികിത്സക്ക് ഇന്ത്യയിലേക്ക് കൊണ്ടുപോയ മലയാളി പെണ്‍കുട്ടി സാധിക അനിവ്യാര്യമായ വിധിക്കു മുന്നില്‍ കീഴടങ്ങി. ചെവിയിലെ അര്‍ബുദമായിരുന്നു മരണകാരണം. ഇന്ത്യയില്‍നിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കല്‍ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ കൊണ്ടുപോയത്. ചെവിയില്‍നിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാര്‍ പിതാവിനൊപ്പം ഡല്‍ഹിയിലേക്ക് വിമാനം കയറിയത് ഏപ്രില്‍ 25നാണ്. കുവൈത്തിലെ കെ.സി.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു.

കുവൈത്തില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് സൈനിക വിമാനത്തില്‍ കുട്ടിയെ കൊണ്ടുപോവാന്‍ വഴിതെളിയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ യാത്രാവിമാനങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് ഇന്ത്യന്‍, കുവൈത്ത് അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുകയും തുടര്‍ചികിത്സ നല്‍കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ സാധിക വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.