Wednesday, November 30, 2022
HomeGulfKuwaitആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ(kuwait) 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കാന്‍(visa renewal) ആരോഗ്യ ഇന്‍ഷൂറന്‍സ്(health insurance) എടുക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആലോചിക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം സാധാരണ വിസ പുതുക്കുന്നതിനുള്ള ഫീസ് നല്‍കുകയും വേണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സൂചന.

ബിരുദമുള്ളവരും ഇല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന വയ്ക്കാനാണ് മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നത്. ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാനുള്ള അനുമതി നിഷേധിച്ച മുന്‍ നടപടി ഫത്വ, നിയമനിര്‍മാണ കമ്മിറ്റി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

60 കഴിഞ്ഞവര്‍ക്ക് ഉണ്ടാകാവുന്ന വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വലിയ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുന്നതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ല. നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വിസ പുതുക്കാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാലിയിരത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിടേണ്ടി വന്നിരുന്നു.
ALSO WATCH

 

Most Popular