കുവൈത്തിൽ ഇസ്രായേല്‍ ഉല്‍പ്പന്നം വില്‍പ്പന നടത്തിയ ഒരു കട ഉള്‍പ്പെടെ 8 കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി

locked

കുവൈത്ത് സിറ്റി: ഇസ്രായേല്‍ ഉല്‍പ്പന്നം വില്‍പ്പന നടത്തിയ ഒരു കട ഉള്‍പ്പെടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയ 8 കച്ചവട സ്ഥാപനങ്ങള്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. ഷുവൈഖ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന കേന്ദ്രമാണ് ഇസ്രായീല്‍ ഉല്‍പ്പന്നം വില്‍പന നടത്തിയതിന് അടച്ചു പൂട്ടിയത്. ഇസ്രായേല്‍ നിര്‍മ്മിത തെര്‍മ്മോ സ്റ്റാറ്റ് ഉപകരണമാണു സ്ഥാപനത്തില്‍ വില്‍പന നടത്തിയത്. ഇവയുടെ 77 പെട്ടികള്‍ വാണിജ്യ മന്ത്രാലയം പിടിച്ചെടുക്കുകയും കേസ് പ്ബ്ലിക് പ്രോസ്‌ക്യൂഷനു കൈമാറുകയും ചെയ്തു. ഉപഭോക്താവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. യു.എഇ , ബഹറൈന്‍ മുതലായ രാജ്യങ്ങള്‍ ഇസ്രായീലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചുവെങ്കിലും വിഷയത്തില്‍ കുവൈത്ത് നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.