കുവൈത്ത് സിറ്റി: രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന ഭാഗിക കര്‍ഫ്യൂവിന്റെ സമയം വീണ്ടും പുന:ക്രമീകരിച്ചു. നിലവില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്ന കര്‍ഫ്യൂ ആണ് ഏപ്രില്‍ എട്ടു മുതല്‍ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് പരിഷ്കരിച്ച സമയം. അതേസമയം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 മണി വരെ താമസ കേന്ദ്രങ്ങളില്‍ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കുന്നതാണ്. എന്നാല്‍ രാത്രി പന്ത്രണ്ടു മണി വരെ മുന്‍കൂട്ടി അപോയ്ന്മെന്റ് എടുത്താല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാവുന്നതാണ്. അതോടൊപ്പം ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണി വരെ ഡെലിവറി സൗകര്യം അനുവദനീയമാണ്.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം രാജ്യത്തെ കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചത്. പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭ നിര്‍ദേശം നല്കി.