കുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നില്ലെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യവകുപ്പ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ പ്രായമേറിയവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും എന്നാല്‍ ഉടമ നാട്ടിലാണെങ്കിലും സ്പോണ്സര്ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരമുണ്ട്.
അതേസമയം ആറ് മാസത്തിലേറെ കുവൈത്തിന് പുറത്താണെങ്കില്‍ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തില്‍ ബാധകമല്ലെന്നും ഇഖാമ കാലാവധി ഉണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കിയാല്‍ വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം ഇവര്‍ക്ക് തിരികെ എത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.