60 വയസ്സിന് മുകളിലുള്ളവര്‍ കുവൈത്തിലേക്ക് മടങ്ങിവരുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ; ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍

Recommendation to ban expats over 60 kuwait

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ മടങ്ങിവരവ് ആശങ്കയില്‍. കോവിഡ് മൂലം കുവൈത്തിന് പുറത്ത് കുടങ്ങിക്കിടക്കുന്ന വിസാ കാലാവധി കഴിഞ്ഞ 70,000ഓളം പേരില്‍ മടങ്ങിവരാവുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുന്നതായി കുവൈത്ത് ടൈംസാണ് റിപോര്‍ട്ട് ചെയ്തത്. 60 വയസ്സ് കഴിഞ്ഞവരെ മടങ്ങിവരാന്‍ അനുവദിക്കേണ്ടെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ ബന്ധപ്പെട്ട സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്.

നേരത്തേയുള്ള റസിഡന്‍സി വിസയില്‍ ആരെയൊക്കെ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കാമെന്ന ശുപാര്‍ശ അടുത്തയാഴ്ച്ച ബന്ധപ്പെട്ട മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കു കൈമാറും. മടങ്ങിവരാന്‍ അനുവാദമുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ വിസിറ്റ് വിസയില്‍ ആയിരിക്കും കുവൈത്തിലേക്ക് തിരിച്ചെത്തുക. തുടര്‍ന്ന് അവരുടെ നേരത്തേയുള്ള റസിഡന്‍സ് വിസയിലേക്കു മാറും.

മൂന്ന് വിഭാഗക്കാര്‍ തിരിച്ചുവരുന്നത് നിരോധിക്കാനാണ് ശുപാര്‍ശയില്‍ പറയുന്നത്. അത്യാവശ്യം അല്ലാത്ത തൊഴിലാളികള്‍, 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍, ഫ്രീ വിസക്കാര്‍(ജോലി ഇല്ലാത്ത കമ്പനികളുടെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടവര്‍) എന്നിവരാണ് ഇവര്‍. വീട്ടുജോലിക്കാരുടെ മടങ്ങിവരവില്‍ പ്രായവും ക്രിമിനല്‍ റെക്കോഡും നിര്‍ണായകമാവും.

കുവൈത്തിലുള്ള പ്രവാസികളുടെ ബന്ധുക്കള്‍ വന്ന് പോകുന്നതിന്റെ ലിസ്റ്റ് പരിശോധിക്കാനും നിര്‍ദേശമുണ്ട്. പലരും കുവൈത്തില്‍ വന്ന് ഏതാനും ദിവസം താമസിച്ച് തിരിച്ചുപോവുകയും വിസ നിലനിര്‍ത്താന്‍ ആറ് മാസം തികയും മുമ്പ് വീണ്ടുംവരികയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ റസിഡന്‍സി പുനസ്ഥാപിക്കേണ്ടെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

Proposal to ban expatriates over 60 from returning to Kuwait