Sunday, January 23, 2022
HomeGulfKuwaitഎയര്‍പോര്‍ട്ട് അടച്ചിടില്ലെന്ന് കുവൈത്ത്; റെഡ്‌ലിസ്റ്റ് പുനസ്ഥാപിച്ചു

എയര്‍പോര്‍ട്ട് അടച്ചിടില്ലെന്ന് കുവൈത്ത്; റെഡ്‌ലിസ്റ്റ് പുനസ്ഥാപിച്ചു

കുവൈത്ത് സിറ്റി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നതു തടയാന്‍ എയര്‍പോര്‍ട്ടും കര അതിര്‍ത്തിയും അടച്ചിടാന്‍ തല്‍ക്കാലം തീരുമാനമില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി. മന്ത്രിതല കമ്മിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വൈറസ് അപകടകാരിയാണ്. കുവൈത്തിന് അകത്തുള്ളവരും രാജ്യത്തിലേക്ക് വരുന്നവരും ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ കുവൈറ്റ് പൗരന്‍മാര്‍ രാജ്യത്തിന് പുറത്തേക്ക് പോകാവൂ എന്നും മന്ത്രിതല കമ്മിറ്റി നിര്‍ദ്ദേശിച്ചു.

കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. രാജ്യത്ത് രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

റെഡ് ലിസ്റ്റ് സംവിധാനം പുനസ്ഥാപിച്ചു
kuwait city
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍നിന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നേരത്തെ നടപ്പാക്കിയിരുന്ന റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത് പുനഃസ്ഥാപിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ലിസോത്തോ, ഇസ്വാറ്റിനി, സാംബിയ, മലാവി എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 43 ഓളം രാജ്യങ്ങള്‍ കുവൈത്തിന്റെ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.

ഒമിക്രോണ്‍ ബാധിത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുവൈത്ത് പൗരന്‍മാര്‍ അല്ലാത്ത യാത്രക്കാര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം.

 

Most Popular