കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യബാച്ച് കുവൈത്തില്‍ എത്തി. ഫൈസര്‍ ബയോണ്‍ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്സിന് ആണ് ബെല്‍ജിയത്തില്‍ നിന്നും ഇന്നലെ രാവിലെ കുവൈത്തില്‍ എത്തിച്ചത്. ബെല്‍ജിയത്തില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ കോവിഡ് പ്രതിരോധ വാക്സിന് കുവൈത്തില്‍ എത്തിച്ചത്. 75000 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഡോസുകളാണ് ആദ്യബാച്ചില്‍ എത്തിയത്. മിശ്രിഫ് ഫെയര്‍ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വാക്സിന് സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ആഴ്ച തന്നെ വാക്സിന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ ഷെയ്ഖ് ബാസില്‍ അസ്സ്വബാഹ് പറഞ്ഞു.
വാക്സിന് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 21 ദിവസം വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന തോതിലാണ് വാക്സിന് നല്‍കുക. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം പൂര്‍ണ ഫലം കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മറ്റു വാക്സിനുകള്‍ക്ക് സമാനമായി ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.