കുവൈത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട

super market qatar

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണനടപടികള്‍ ഉണ്ടായേക്കാമെന്ന ധാരണയില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. സഹകരണസംഘങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് ജനങ്ങളുടെ ഇത്തരത്തിലുള്ള ആശങ്കകൂടി കൊണ്ടാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ ഒരു വര്‍ഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തില്‍പോലും ഒരു വര്‍ഷംവരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല. ചിലപ്പോള്‍ ഒരുവര്‍ഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്‌റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതര്‍ പറഞ്ഞു. പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവന്നാലും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സംവിധാനം കാണും.

അതേസമയം, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നിരീക്ഷണമുണ്ട്. കര്‍ഫ്യൂ ആരംഭിച്ചതിനുശേഷം ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ടെങ്കിലും അസാധാരണ വര്‍ധനയില്ല. പല സമയങ്ങളിലായി പര്‍ച്ചേസിന് എത്തിയിരുന്നവര്‍ പകല്‍ കേന്ദ്രീകരിക്കപ്പെട്ടതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഈ തിരക്ക് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നു.

എന്നാല്‍ പൊതുവെ ആറുമാസം വരേക്കുള്ള സ്ട്രാറ്റജിക് സ്‌റ്റോക് കരുതാറുള്ള വാണിജ്യ മന്ത്രാലയം കോവിഡ്കാലത്ത് സംഭരണശേഷിയും ഇറക്കുമതിയും കൂട്ടി. ഭക്ഷ്യ സുരക്ഷയെ കരുതി ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.