കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട

കുവൈത്ത് സിറ്റി: രാജ്യത്ത് വന്‍ ലഹരിമരുന്ന് കടത്ത് പിടികൂടി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേന വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയില്‍ 120 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു.

ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് പിടികൂടിയത്. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ മൂന്ന് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

മയക്കുമരുന്ന് കടത്തുകാരില്‍ കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. ഇത്തരക്കാരെ പിടികൂടാൻ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലാകുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.