കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ മേഖലയിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 26 ആക്കി.
ഈ ഡെഡ് ലൈൻ പാലിക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
പ്രത്യേക ഇളവ് നല്കിയ തസ്തികകള്‍ ഒഴികെ 2022ല്‍ സര്‍ക്കാര്‍ വകുപ്പില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയില്‍ വിദേശികളെ നിയമിക്കാന്‍ അനുമതി ചോദിക്കരുതെന്നും സിവില്‍ സര്‍വിസ് കമീഷന് സര്‍ക്കുലറില്‍ പറയുന്നു. വിവിധ വകുപ്പുകളില്‍നിന്ന് ഇത്തരം നിരവധി അപേക്ഷ വന്ന സാഹചര്യത്തിലാണ് കമീഷന് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അപേക്ഷ തള്ളിയതായും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മേഖലയിലെ ഐ.ടി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കല, പബ്ലിക് റിലേഷന്‍ ജോലികള്‍, ഡെവലപ്മെന്റ്, അഡ്മിനിസ്ട്രേറ്റിവ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലാണ് സെപ്റ്റംബറില്‍ നൂറുശതമാനം സ്വദേശിവത്കരണം സാധ്യമാക്കാന്‍ സിവില്‍ സര്‍വിസ് കമീഷന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
മുഴുവന്‍ സര്‍ക്കാര്‍ ജോലികളും കുവൈത്തികള്‍ക്ക് നല്‍കാനാണ് തീരുമാനമെങ്കിലും ചില തസ്തികകളില്‍ കുവൈത്തികള്‍ താല്പര്യം കാണിക്കാതിരിക്കുകയോ ആവശ്യാനുസരണം യോഗ്യതയുള്ളവരെ കിട്ടാതിരിക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്.