ഒമാനിലെ ദോഫാറിൽ ലോക്ക്ഡൗൺ തുടരും

മസ്‌ക്കത്ത്: കോവിഡ് വ്യാപനം തുടരുന്നതിനാൽ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നിലവിലുള്ള ലോക്ക്ഡൗൺ തുടരുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഈദി അറിയിച്ചു. ലോക്ക്ഡൗൺ ഇപ്പോൾ പൂർണമായി ഒഴിവാക്കുന്നത് രോഗികളുടെ എണ്ണം വർധിപ്പിക്കാനിടയാക്കും. ഇത് ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ ബാധിക്കും. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഗവർണറേറ്റിനകത്തേക്കുള്ള പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഖരീഫ് സീസണിൽ സഞ്ചാരികൾ എത്താനുള്ള സാധ്യത മുൻനിർത്തി കഴിഞ്ഞ ജൂൺ 13 മുതലാണ് ദോഫാറിൽ ലോക്ക്ഡൗൺ ആരംഭിച്ചത്.

പ്രതിദിനക്കണക്കനുസരിച്ച് രോഗികളുടെ എണ്ണത്തിൽ കുറവു വരുന്നുണ്ടെങ്കിലും ഇനിയും കുറഞ്ഞാലേ ലോക്ക്ഡൗൺ ഒഴിവാക്കൂ. ഇന്നലെ ഈ മേഖലയിൽ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 38 പേരും സലാലയിൽ നിന്നുള്ളവരാണ്.

ദോഫാറിന് പുറമെ ദുഖം, ജബൽ അഖ്ദർ, ജബൽഷംസ്, മസീറ എന്നിവിടങ്ങളിലും ജൂൺ 13 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിലും പല ഘട്ടങ്ങളിലായി അത് ഒഴിവാക്കിയിരുന്നു. നിലവിൽ ദോഫാറിൽ മാത്രമാണ് ലോക്ക്ഡൗൺ ഉള്ളത്.