ലുലു ഗ്രൂപ്പ് ഐൻ ഖാലിദിൽ 18-ാമത് ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി യുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഷെയ്ഖ് ഫലാഹ് ബിൻ അലി ബിൻ ഖലീഫ അൽതാനിയും ഷെയ്ഖ് അബ്ദുല്ല ബിൻ ഹസൻ അൽതാനിയും സംയുക്തമായാണ് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുല്ല അൽതാനി, നബീൽ അബു ഇസ്സ, ആദിൽ അബ്ദുൾ റസാഖ്, നാസർ അൽ അൻസാരി, സി വി റപ്പായി, ഡോ. ആർ സീതാരാമൻ, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ശ്രീലങ്ക, ഇന്തോനേഷ്യ, ജോർജിയ അർമേനിയ അംബാസഡർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2022 ഫിഫ ലോകകപ്പ് സീസണിലേക്കുള്ള ഭാവി വിപുലീകരണ ശൃംഖലയുടെ ഭാഗമായാണ് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് എത്തുന്നത്.
150,000 ചതുരശ്രയടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർ മാർകെറ്റിൽ ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാവും. വിപുലമായ ഗ്രോസറി വിഭാഗം, ലുലു കണക്ട് ഇലക്ട്രോണിക്സ് സ്റ്റോർ, ബ്രാൻഡഡ് പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മേക്കപ്പ്, ബ്യൂട്ടി ലൈൻ, കണ്ണട ബ്രാൻഡായ ഐഎക്സ്പ്രസ് എന്നിവ തുടങ്ങി വലിയ ഷോപ്പിങ് വിസ്മയമാണ് ലുലു ജനങ്ങൾക്കായി സമർപ്പിക്കുന്നത്. രാജ്യത്ത് കൂടുതൽ സ്റ്റോർ തുറക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായും യൂസഫ് അലി വ്യക്തമാക്കി .ഈ വർഷം രാജ്യത്ത് ബർവ അൽ ഖോർ, പേൾ-ഖത്തറിലെ ഗിയാർഡിനോ മാൾ, ബർവ മദീനത്ത് എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോർ തുറക്കാൻ ഗ്രൂപ്പ് ഇതിനകം പദ്ധതിയിടുന്നുണ്ട്.
ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റായ 2022ലെ ഫിഫ ലോകകപ്പിനും 2030ലെ ഏഷ്യൻ ഗെയിംസിനും ഖത്തർ തയ്യാറെടുക്കുകയാണ്. ശോഭനമായ ഭാവിയിലേക്കുള്ള ഖത്തറിന്റെ ബ്ലൂപ്രിന്റുമായി ഞങ്ങളുടെ ശേഷിയും കാഴ്ചപ്പാടും പൊരുത്തപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നതായി യൂസഫലി പറഞ്ഞു. ഐൻ ഖാലിദിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതോടെ ഖത്തറിലെ ലുലു സ്‌റ്റോറുകളുടെ എണ്ണം 18 ആയി ഉയർന്നുവെന്നും സർക്കാർ അധികൃതരുടെയും സഹായവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ ഡോ മുഹമ്മദ് അൽത്താഫ് പറഞ്ഞു.