മനാമ: ബഹ്‌റൈനിൽ മരിച്ച മലയാളി പ്രവാസിയുടെ ആത്മഹത്യക്ക് പിന്നിൽ കൊള്ളപലിശക്കാരെന്ന് പരാതി. യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയിൽ അകപ്പെട്ടിരുന്നതായും വാങ്ങിയതിൽ കൂടുതൽ പണം തിരികെ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള യുവാവിന്റെ ശബ്ദ സന്ദേശമാണ് ബന്ധുക്കൾക്ക് തെളിവായി ലഭിച്ചത്.
ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ബഹ്റൈനിലെ ഹമലിയിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണ് പരാതി നല്‍കിയത്.
മനാമയിലെ സനദിലുള്ള ഒരു കടയിലാണ് രാജീവന്‍ ജോലി ചെയ്‍തിരുന്നത്. മദീനത്ത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഒരാളില്‍ നിന്ന് പണം കടം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു.