Friday, January 28, 2022
HomeGulfമെസ്സി..മെസ്സി.... അത് ഖത്തറിലെ മലയാളി

മെസ്സി..മെസ്സി…. അത് ഖത്തറിലെ മലയാളി

കൂടുമാറ്റം പൂര്‍ത്തിയാക്കി പാരിസിലെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ മെസ്സി കുടുംബത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത് കായികലോകത്തെ ട്രെന്‍ഡിങ്ങായിരുന്നു. ഇതിനിടെയാണ്, ആരാധകരെ അഭിവാദ്യം ചെയ്ത മെസ്സിയെ ആവേശത്തോടെ നീട്ടിവിളിച്ച ഒരു മലയാളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. തളിക്കുളം പോക്കാക്കില്ലത്ത് അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അനസായിരുന്നു ആ മലയാളി.

ഷെയ്ഖ് തമീമിന്റെ സഹോദരന്റെ സഹായിയായി 10 വര്‍ഷമായി അനസ് ഖത്വറിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യന്‍ സഞ്ചാരത്തിലാണ് അനസും. ഈ യാത്രയ്ക്കിടയിലാണ് പാരിസിലെ റോയല്‍ മെന്‍ക്യു ഹോടെലില്‍ മുറിയെടുത്തത്.

ബാഴ്സലോണ ക്ലബ് വിട്ട മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ ചേര്‍ന്നതിനാല്‍ പാരീസിലെത്തുന്നതായും തങ്ങൾ താമസിക്കുന്ന ഹോട്ടലിലാണ് മെസ്സിയും കുടുംബവും താമസിക്കാനെത്തുന്നത് എന്നും അറിഞ്ഞ അനസ് ഒരു നോക്ക് കാണാൻ കാത്തു നിന്നു.
രാത്രി എട്ടോടെ സൂപ്പര്‍താരം ഹോട്ടലിലെത്തുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, വൈകീട്ട് നാലു മുതല്‍ ഹോട്ടലിന് മുന്നിലെ തെരുവുകള്‍ ആരാധകരെക്കൊണ്ടു നിറഞ്ഞു.

‘ഒരു ഘട്ടത്തില്‍ ആരാധക ആരവം ഏറെ ഉയര്‍ന്നപ്പോള്‍ അനസ് ബാല്‍ക്കണിയിലിറങ്ങി പുറത്തേക്ക് നോക്കി. ആള്‍ക്കൂട്ടമെല്ലാം മുകളിലേക്കു നോക്കി ആരവം മുഴക്കുന്നതായിരുന്നു കാഴ്ച. ഉടന്‍ വലതുവശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ഇതാ സൂപ്പര്‍ താരം തൊട്ടടുത്ത ബാല്‍ക്കണിയില്‍. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പ്രയാസപ്പെട്ട നിമിഷങ്ങള്‍. മുന്നിലെ കാഴ്ച സ്വപ്നമോ യാഥാര്‍ഥ്യമോ എന്നു പോലും സംശയിച്ചുപോയി. ഉടന്‍ മൊബൈല്‍ വീഡിയോ ഓണ്‍ ചെയ്ത് മെസ്സിയെ നീട്ടി വിളിക്കാന്‍ തുടങ്ങി. അലറിവിളിച്ചെങ്കിലും സൂപ്പര്‍ താരം കേട്ടില്ല. അപ്പോഴാണ് മകന്‍ തിയാഗോ അനസിൻെറയും സുഹൃത്തിനെയും ചൂണ്ടിക്കാണിച്ചത്. മെസി ചിരിച്ചു കൈ വീശിയ ശേഷം ഒരു ‘തംസ് അപ്’ കാണിച്ചുവെന്നും അനസ് പറയുന്നു. അനസിന്റെ മെസ്സി എന്ന് നീട്ടിവിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. താരത്തെ തൊട്ടടുത്തു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അനസ് പറഞ്ഞു.

Most Popular