ദോഹ: ഗാർഹിക തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ച ആഫ്രിക്കൻ പൗരന്മാർ ഖത്തറിൽ അറസ്റ്റിൽ. ആഫ്രിക്കൻ പൗരത്വമുള്ള നിരവധി വ്യക്തികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പാണ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പൗരന്മാർ ഗാർഹിക തൊഴിലാളികളെ പാർപ്പിച്ചിരുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നിരീക്ഷണമേർപ്പെടുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയ്‌ഡിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പടെ പത്തൊൻപതോളം പ്രതികളാണ് പിടിയിലായത്. നിയമ വിരുദ്ധമായ തൊഴിൽ മറച്ചുവക്കൽ, ഗാർഹിക തൊഴിലാളികളെ പാർപ്പിക്കൽ ഒളിച്ചോടിയ തൊഴിലാളികളെ സഹായിക്കൽ തുടങ്ങി നിരവധി നിയമലംഘനങ്ങൾ ചെയ്തുവന്നിരുന്നതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ തുടർ നിയമ നടപടികൾക്കായി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. അനധികൃതമായി ഇത്തരം ആളുകളെ സഹായിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും ഇത്തരത്തിൽ നിയമലംഘനം നടത്തിയാൽ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.