Sunday, May 22, 2022
HomeGulfഖത്തർ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിക്ക് ജീവിതം സമർപ്പിച്ച ഖത്തറി പൗരന് മൈൻഡ് ട്യൂൺ എക്കോവേവ്‌സ് ആദരം

ഖത്തർ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിക്ക് ജീവിതം സമർപ്പിച്ച ഖത്തറി പൗരന് മൈൻഡ് ട്യൂൺ എക്കോവേവ്‌സ് ആദരം

ദോഹ: ‘നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തിൽ ആചരിച്ച ഖത്തർ പരിസ്ഥിതി ദിനത്തിൽ, ജീവിതം തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച ഖത്തരി പരിസ്ഥിതി പ്രവർത്തകൻ അലി അൽ ഹെൻസബിനെ മൈൻഡ് ട്യൂൺ എക്കോ വേവ്സ് ഖത്തർ ചാപ്റ്റർ ആദരിച്ചു.

അബൂ സംറ – ദൂഖാൻ റോഡിലെ തികച്ചും വിജനമായ മരുഭൂമിയിലെ വിശാലമായ ഭാഗം പച്ചപിടിപ്പിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നതിനാണീ അംഗീകാരം. കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ കാണുകയും പുതിയ വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഇങ്ങനെയൊരാദരവ് നൽകിയതിൽ ഇന്ത്യൻ സമൂഹത്തോട് ഒന്നടങ്കം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലരും തന്റെ തോട്ടം കാണാൻ വരികയും ചെടികൾ നടുകയും ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നട്ട തൈകൾ കാണാൻ വന്നത്, തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും ഈ തോട്ടം ഏറെ പച്ചപിടിച്ച് ഈ മരത്തണലിൽ ഇരുന്നു സൊറ പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ തലങ്ങളിൽ വിജയികളായ ഖത്തരികളുടെ പ്രഥമ ലിസ്റ്റിൽ ഇടം പിടിച്ച അലി ഹൻസബിന് വിജയാശംസകൾ നേരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ചടുലതയും പരിസ്ഥിതി രംഗത്തേക്കുള്ള സമർപ്പണവും പുതിയ തലമുറക്ക് ആവേശമാണെന്നും അലി അൽഹൻസബിന്റെ സുഹൃത്തായ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

എക്കോ വേവ്സ് ഖത്തർ സെക്രട്ടറി അബ്ദുള്ള പൊയിൽ അലി അൽ ഹൻസബിന്‌ മൊമെന്റോ നൽകി. മൈൻഡ് ട്യൂൺ വേവ്സ് ഗ്ലോബൽ സെക്രട്ടറി ജനറലും ചാലിയാർ ദോഹ ചീഫ് അഡ്വൈസറുമായ വിസി മശ്ഹൂദ് ഉൽഘാടനം ചെയ്തു. ഗ്ലോബൽ ഫിനാൻസ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി,വൈസ് ചെയർമാൻ അബ്ദുൽ മുത്തലിബ് മട്ടന്നൂർ, ഷമീർ പി.എച്, ബഷീർ നന്മണ്ട, അബ്ദുള്ള വിപി, ഷാജിറ അബ്ദുല്ല തുടങ്ങിയവർ ആശംസകൾ നേർന്നു,

Most Popular