Tuesday, October 4, 2022
HomeGulfഇലക്കറി ഉൽപ്പന്നങ്ങളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഇലക്കറി ഉൽപ്പന്നങ്ങളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: നെതർലൻഡ്‌സിൽ നിന്നുള്ള ഹോളണ്ട്‌സ് ഗ്ലോറി ബ്രാൻഡിൽ നിന്നുള്ള ചീര, അരുഗുല തുടങ്ങിയ ഇലക്കറി ഉൽപന്നങ്ങൾ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി. ഇലക്കറി ഉൽപ്പന്നങ്ങളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

ഉൽപ്പന്നവുമായി ബന്ധപ്പെട്ട് യൂറോപ്യൻ റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (RASFF) നിരീക്ഷിച്ചുവരികയാണെന്നും അറിയിപ്പിന് വിധേയമായി ഉൽപ്പന്നം ഉടനടി പിൻവലിക്കാൻ വിതരണക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ മുൻകരുതലെന്ന നിലയിൽ ബന്ധപ്പെട്ട വിൽപ്പന കേന്ദ്രങ്ങൾ ഇത്തരം ഉൽപ്പന്നങ്ങളിൽ നിന്ന് മുക്തമാണെന്ന് പരിശോധിക്കാൻ മന്ത്രാലയം ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം ഇലക്കറി ഉൽപ്പന്നങ്ങൾ വാങ്ങിയ ആളുകൾ അവ ഭക്ഷിക്കരുതെന്നും നശിപ്പിച്ചുകളയുകയോ തിരികെ ഔട്ലെറ്റുകളിൽ ഏൽപ്പിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.

Most Popular