ദുബൈയിൽ മൂന്ന് മാസം മുൻപ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ

യുഎഇ: ദുബൈയിൽ മൂന്ന് മാസം മുൻപ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ. കോഴിക്കോട് വടകര കൊയിലാണ്ടി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹമാണ് മോർച്ചറിയിൽ കണ്ടെത്തിയത്. കഴിഞ്ഞ വര്ഷം ഒക്ടോബറിൽ അമലിനെ കാണാതാവുകയായിരുന്നു. തുടർന്ന് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല.

ദുബൈയിലെ അല്‍ വര്‍സാനില്‍ നിന്ന് കാണാതായ അമലിനെ കണ്ടെത്താനായി വ്യാപകമായ അന്വേഷണങ്ങള്‍ നടന്നിരുന്നു. വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, ഒക്ടോബര്‍ 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്. പിന്നീട് തിരികെയെത്തിയില്ല. പിതാവ് ഉള്‍പ്പെടെ യുഎഇയില്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം പൊലീസും അന്വേഷണം നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ദുബൈ റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.