തിമിംഗല സ്രാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രത്യേക ഫോറത്തിന് ഈ മാസം ഖത്തറിൽ തുടക്കം

ദോഹ: തിമിംഗല സ്രാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രത്യേക ഫോറത്തിന് ഈ മാസം ഖത്തറിൽ തുടക്കമാകും. റാസ് മത്ബകയിലെ അക്വാട്ടിക് റിസർച് കേന്ദ്രത്തിലാണ് ഫോറം. യുനെസ്കോയുമായി സഹകരിച്ചാണ് ഫോറം പ്രവർത്തിക്കുക.

ഫോറത്തിൽ ഖത്തറിലെയും ആഗോള തലത്തിലെയും സമുദ്ര പരിസ്ഥിതി, അക്വാട്ടിക്, തിമിംഗല സ്രാവുകൾ എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ പങ്കെടുക്കും. വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകൾ ലോകത്ത് ഏറ്റവുമധികം കാണുന്നത് ഖത്തറിലാണ്. മുന്നൂറോളം എണ്ണമാണ് ഖത്തറിന്റെ വടക്കൻ തീരത്തെ അൽ ഷഹീൻ സമുദ്ര മേഖലയിലുള്ളത്.

ഇവയുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയം ഒട്ടേറെ പദ്ധതികളും നടപ്പാക്കുന്നുണ്ട്.