Saturday, January 29, 2022
HomeGulfഖത്തറിൽ പന്ത്രണ്ട് മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നൽകാൻ തീരുമാനം

ഖത്തറിൽ പന്ത്രണ്ട് മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നൽകാൻ തീരുമാനം

ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ച്‌ ഖത്തര്‍. ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും, സുരക്ഷയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഉള്‍പ്പടെ ആഗോളതലത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന് തീരുമാനം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2021 മെയ് മാസത്തിലാണ് രാജ്യത്തെ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ ആരംഭിച്ചത്. ഈ കാലയളവില്‍ രാജ്യത്ത് ഈ പ്രായവിഭാഗത്തില്‍പ്പെടുന്ന പത്തില്‍ ഒമ്ബത് കുട്ടികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 4027 7077 എന്ന നമ്ബറില്‍ കുത്തിവെപ്പിനായി മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാം.

Most Popular