Wednesday, January 19, 2022
HomeGulfമദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലിന് അബുദാബിയില്‍ തുടക്കം

മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലിന് അബുദാബിയില്‍ തുടക്കം

അബുദബി | അഞ്ചാമത് മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലിന് അബുദാബിയില്‍ തുടക്കം. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണിത്. 10 ദിവസം നീണ്ടു നിൽക്കുന്ന മേള ഡിസംബര്‍ 18 ന് സമാപിക്കും. അബുദാബി കോര്‍ണിഷില്‍ അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന മേള ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് സംഘടിപ്പിക്കുന്നത്. മേളയില്‍ തത്സമയം അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച്‌ ആസ്വദിക്കാവുന്ന വിനോദപരിപാടികള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണമേള മുതലായ പരിപാടികള്‍ക്ക് പുറമെ കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച്‌ ആസ്വദിക്കാവുന്ന നിരവധി അനുഭാവക്കാഴ്ച്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്പയര്‍ സ്‌പേസ്, ത്രില്‍ സോണ്‍, ഫുഡ് ഹബ്, മ്യൂസിക് അരീന, ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെ മേളയെ ആറ് പ്രത്യേക മേഖലകളായി തിരിച്ചിട്ടുണ്ട്.

പ്രവര്‍ത്തിദിനങ്ങളില്‍ വൈകീട്ട് 4 മുതല്‍ അര്‍ദ്ധരാത്രി വരെയും, വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ അര്‍ദ്ധരാത്രി വരെയും മേളയിലേക്ക് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ https://www.motn.ae/എന്ന വിലാസത്തില്‍ ലഭ്യമാണ്. മേളയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് അല്‍ ഹുസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഫാത്തിമ ബിന്‍ത് മുബാറകിന്റെ പൈതൃകം, നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അബുദബി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ശൈഖ ഫാത്തിമ പാര്‍ക്ക് യു എ ഇ യുടെ അമ്ബതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.

 

Most Popular