മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് നാലുവരെയാണ് പുസ്തകമേള തുടരുക. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായനക്കാർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. സംവാദങ്ങൾ, പുസ്തകപ്രകാശനം, ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവയും വായനക്കാരെ കാത്തിരിക്കുന്നുണ്ട്. കൂടാതെ എഴുത്തുകാരുടെ സംഗമവും ഫെസ്റ്റിവലിൽ നടക്കും.
തെക്കൻ ബാത്തിന ഗവർണറേറ്റാണ് ഈവർഷത്തെ വിശിഷ്ടാതിഥികൾ. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരേയും ഇപ്രാവശ്യം പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെ മറ്റുള്ളവർക്കും സ്റ്റാളുകൾ സന്ദർശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.