Thursday, January 27, 2022
HomeGulfനന്തി അസോസിയേഷൻ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു

നന്തി അസോസിയേഷൻ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു

ദോഹ: കോഴിക്കോട് നന്തി പ്രദേശ വാസികളുടെ ഖത്തറിലെ കൂട്ടായ്‌മയായ നന്തി അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കോവിഡ് കാലത്ത് മന്ദഗതിയിലായിരുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏറെക്കാലത്തിനു ശേഷം  പ്രവർത്തകർക്ക് കൂടിയിരിക്കാനും സൗഹൃദം പങ്ക് വെക്കാനുമുള്ള വേദിയായി സംഗമം മാറി.

ഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാജ് സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി ക്ഷേമനിധികളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ദോഹയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു. വിവിധ ക്ഷേമ പദ്ധതികൾ, ഐ. സി.ബി.എഫ് ഇൻഷുറൻസ് സ്കീമുകൾ തുടങ്ങി വിവിധ പ്രവാസി പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. അസോസിയേഷൻ അംഗങ്ങൾക്കുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം  ഐ.സി.സി പ്രെസിഡൻറ് പി.എൻ ബാബുരാജ് അസോസിയേഷൻ കൺവീനർ കെ.വി ബഷീറിന്  ഫോം നൽകിക്കൊണ്ട് നിർവ്വഹിച്ചു. പുതിയ വർഷത്തെ അംഗത്വ വിതരണ ഉദ്ഘാടനം അസോസിയേഷൻ ചെയർമാൻ മുസ്തഫ മലമ്മൽ നിർവ്വഹിച്ചു. കെ. ഹുബൈബ് ഏറ്റുവാങ്ങി.

ബർവ വില്ലേജ് റൊത്താന റെസ്റ്റാറ്റാൻറിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ മുസ്തഫ മലമ്മൽ അധ്യക്ഷനായി. മുൻ ചെയർമാന്മാരായ റഷീദ് ടി.പി, ബഷീർ കോവുമ്മൽ, മുൻ കൺവീനർ പി.ആർ.എ കരിം, കെ. ഹുബൈബ്, റഷീദ് കൂരളി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . എക്സിക്യൂട്ടീവ് മെമ്പർ ഷാജി പി.വി സംഘടനയെ പരിചയപ്പെടുത്തുകയും  ജനറൽ കൺവീനർ നബീൽ നന്തി സ്വാഗതവും കൺവീനർ ജംഷാദ് കോവുമ്മൽ നന്ദിയും പറഞ്ഞു.

Most Popular