ഇന്ത്യക്കാർക്ക് വീണ്ടും ക്വാറന്റീൻ; വാർത്ത സ്ഥിരീകരിച്ച് ഖത്തർ ഇന്ത്യൻ എംബസി

indian embassy qatar

ദോഹ: ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ഖത്തറിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തുന്ന വാർത്ത സ്ഥിരീകരിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിയും. ഗൾഫ് മലയാളിയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മണിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് . ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഇത് ബാധകമാവുക. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച അല്ലെങ്കിൽ കോവിഡ് സുഖം പ്രാപിച്ച പൗരന്മാർക്കും താമസക്കാർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം , രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും. പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസമാണ് ഹോട്ടൽ ക്വാറന്റിൻ. സന്ദര്ശകർക്കും ഇതേ നിബന്ധന ആണ്. വാക്‌സിൻ എടുക്കാത്ത ടൂറിസ്റ്റുകൾ / സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടില്ല.

സിനോഫാം വാക്‌സിൻ സ്വീകരിച്ച ഖത്തർ പൗരനാണെങ്കിൽ ഖത്തറിൽ പ്രവേശിക്കുമ്പോൾ സൗജന്യമായി ആന്റിബോഡി പരിശോധന നടത്തും, ഫലം നെഗറ്റീവ് ആണെങ്കിൽ യാത്രക്കാരനെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. അല്ലാത്തപക്ഷം, ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 5 ദിവസത്തേക്ക് ഹോം ക്വാറന്റൈനും, മഞ്ഞ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 07 ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനും ബാധകമാകും. കൂടാതെ, റെഡ് ലിസ്റ്റില്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനുമാണ് നിർദേശം.

ഏതു രാജ്യത്ത് നിന്നാണോ പുറപ്പെടുന്നത് അതിനനുസരിച്ച് രണ്ട് വയസ്സ് വരെ കുട്ടികളുള്ള മുലയൂട്ടുന്ന സ്ത്രീകളും ഗർഭിണികളും  ഹോം ക്വാറന്റൈന് വിധേയരാകണം. വാക്‌സിൻ എടുത്തവരുടെ കൂടെ വന്നാലും ഇതേ നിബന്ധന ആണ്. ട്രാവൽ ആൻഡ് റിട്ടേൺ പോളിസി അനുസരിച്ച് പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട് എന്ന് നിർദേശത്തിൽ പറയുന്നു. 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും ഇതേ നിർദേശം തന്നെയാണ് നൽകുന്നത്. യാത്രക്കാർ ഔദ്യോഗീക വിവരങ്ങൾക്ക് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം മാത്രം യാത്രകാര്യത്തിൽ തിരുമാനമെടുക്കേണ്ടതാണ്.