സൗദി അറേബ്യയിൽ ഇനി കുട്ടികൾക്ക് വധശിക്ഷയില്ല: ചാട്ടവാറടിയും നിർത്തി

saudi crown prince mohammed bin salman

റിയാദ്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇനിമേൽ സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കില്ല. കുറ്റകൃത്യം നടത്തുന്ന സമയത്ത് പതിനെട്ട് വയസ്സ് തികയാത്തവർക്കാണ് വധശിക്ഷ നടപ്പാക്കില്ലെന്ന് സൗദി ഭരണകൂടം തീരുമാനിച്ചത് എന്ന് ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു എൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ ഈ രാജകല്പന സൗദിയിലെ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡണ്ട് അവ്വാദ് അൽ അവ്വാദ് സ്വാഗതം ചെയ്തു.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ സുപ്രധാനമായ ഒരു ദിവസമാണ്. ഈ ഒരു വിധി സാധ്യമാക്കിയ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനേയും അഭിനന്ദിക്കുന്നതായും അവ്വാദ് അൽ അവ്വാദ് അറിയിച്ചു.

അതോടൊപ്പം ഇതിനു തൊട്ടു മുൻപ് സൗദി അറേബ്യയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയായി ചാട്ടയടി നൽകുന്നതും നിർത്തലാക്കിയിരുന്നു. സൗദി നിയമങ്ങൾക്ക് ആധുനിക പരിഷ്കരണങ്ങൾ വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ ഭേദഗതികൾ.

വിഷൻ 2020 യുടെ ഭാഗമായി രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടൊപ്പം ഈ നിയമ ഭേദഗതികളും രാജ്യ പുരോഗതിക്ക് ഏറെ ഗുണം ചെയ്യും. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി രാജ്യം ഭഗീരഥ പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്ന ഈ വേളയിൽ രാജ്യത്തെ പൗരന്മാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ നടപടികൾ ഉപകരിക്കുമെന്നും അവ്വാദ് അൽ അവ്വാദ് പ്രത്യാശ പ്രകടിപ്പിച്ചു.
ഈ രാജകല്പന പ്രകാരം ഇനിമുതൽ വധശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങൾക്ക് മൈനർ ആണെങ്കിൽ 10 വർഷത്തെ ജുവനൈൽ തടവ് മാത്രമായിരിക്കും ലഭിക്കുക. കൂടുതൽ പരിഷ്‌കാരങ്ങൾ ഉടനെ പ്രഖ്യാപിക്കുമെന്നും അവ്വാദ് അൽ അവ്വാദ് അറിയിച്ചു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യത്തെ പൗരന്മാർക്കും ഇവിടുത്തെ താമസക്കാർക്കും മികച്ച ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു.

 

No longer a death sentence for minors in Saudi Arabia. The death penalty was applied to people who were not eighteen years old at the time of the crime.
The whipping also stopped