തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക സപ്ലൈകോയുമായി ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. എന്‍ഡിപിആര്‍എം പദ്ധതിയുടെ ഭാഗമായായുള്ള സംരഭത്തിനായി 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 16 പ്രമുഖ ബാങ്കുകളുടെ ശാഖകള്‍ വഴിയാണ് വായ്പ അനുവദിക്കുക.
മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികള്‍ക്ക് സഹായം നല്‍കുന്നത്. സ്വന്തമായും വാടകയ്ക്കും കെട്ടിട മുറികള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 700 ച.അടിക്ക് താഴെ വിസ്തൃതിയുള്ള മുറികള്‍ ഉള്ളവര്‍ക്ക് മാവേലി സ്റ്റോര്‍ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള മുറികളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്.
സപ്‌ളൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നല്‍കും. സപ്‌ളൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ, ഗ്രാമപ്രദേശങ്ങളില്‍ 5 കിലോമീറ്റര്‍ പരിധിയിലും മുനിസിപ്പാലിറ്റിയില്‍ 4 കിലോമീറ്റര്‍ പരിധിയിലും കോര്‍പ്പറേഷനില്‍ 3 കിലോമീറ്റര്‍ പരിധിയിലും പ്രവാസി സ്റ്റോര്‍ അനുവദിക്കുകയില്ല. പ്രവാസി സ്റ്റോറുകള്‍ തമ്മിലുള്ള അകലം 3 കിലോമീറ്റര്‍ ആയിരിക്കും.
സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യില്‍ നല്‍കാം. വിശദ വിവരം 0471 2329738, 2320101 എന്നീ ഫോണ്‍ നമ്പറുകളിലും (ഓഫീസ് സമയം) 8078258505 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭിക്കും. [email protected] എന്ന ഇമെയിലിലും സംശയങ്ങള്‍ അയയ്ക്കാം.
ടോള്‍ ഫ്രീ നമ്പര്‍.1800 4253939 (ഇന്ത്യയില്‍ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം)