മസ്‌കത്ത്: ഒമാനിലെ വിവിധ മേഖലകളില്‍ മഴ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.
അതേസമയം, മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് രക്ഷപ്പെടുത്തി. വാദിയില്‍ അകപ്പെട്ട കാറില്‍ കുടുങ്ങിയ ഇവരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് കാറിനുള്ളില്‍ നിന്നും പുറത്തെത്തിച്ചത്. ജനങ്ങള്‍ വാദിയില്‍ ഇറങ്ങരുതെന്നും വാഹനങ്ങള്‍ വാദികളില്‍ ഇറക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളുടെ തീരങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ തിരമലകള്‍ ഉയരാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.