മസ്കത്ത്: ഒമാനില്‍ നടത്തിയ പഠനത്തില്‍ കോവിഡിന്റെ അപൂര്‍വ വകഭേദം കണ്ടെത്തി. നിസ്വ സര്‍വകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഒമാനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡിന് 1280 വി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താനായി ഒമാനിലെ രോഗികളില്‍ നിന്നെടുത്ത 94 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. പി323എല്‍ എന്നതാണ് കോവിഡ് വൈറസിന്റെ പൊതുവായുള്ള വകഭേദം. 94.7 ശതമാനം സാമ്പിളുകളില്‍ ഇതാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രണ്ടാമതുള്ള ഡി 614 ജി സ്പൈക്ക് പ്രോട്ടീന്‍ മ്യൂട്ടേഷന് എന്ന വകഭേദം 92.6 ശതമാനം പേരിലും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന് നിസ്വ സര്‍വകലാശാലക്ക് വേണ്ടി പഠനം നടത്തിയ നാച്വറല്‍ ആന്റ് മെഡിക്കല്‍ സയന്‍സസ് റിസര്‍ച്ച് സെന്റര്‍ സ്ഥാപകന്‍ ഡോ.അഹമ്മദ് സുലൈമാന്‍ അല്‍ ഹറാസി പറഞ്ഞു.