മസ്‌കത്ത്: ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ ബീച്ചുകളും പാര്‍ക്കുകളും അടയ്ക്കാനും കരമാര്‍ഗം രാജ്യത്ത് എത്തുന്ന സ്വദേശി പൗരന്മാര്‍ക്ക് ക്വാറന്റീന്‍ നടപടികള്‍ കര്‍ശനമാക്കുവാനും ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനിച്ചു.ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതാണ്. കരമാര്‍ഗം രാജ്യത്തിന് പുറത്ത് നിന്ന എത്തുന്ന എല്ലാ സ്വദേശി പൗരന്മാരും സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീന് വിധേയരാകേണ്ടതാണ്. അതോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കുമായി ചുമത്തിയ അംഗീകൃത നടപടിക്രമങ്ങള്‍ക്ക് പൗരന്മാര്‍ പാലിക്കേണ്ടതാണ്.
അതേസമയം വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നാളെ വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ 14 ദിവസത്തേക്ക് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടു. വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്പുകള്‍, മുതലായ സ്ഥലങ്ങളിലെ എല്ലാ രീതിയിലുമുള്ള ഒത്തുചേരലുകല്‍ നിര്‍ത്താനും വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. എന്നാല്‍ നാളെ മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍, ജിമ്മുകള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 50% ആക്കി കുറച്ചതായി സുപ്രീം കമ്മറ്റി അറിയിച്ചു.