ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ വാഹനമുള്‍പ്പെടെ കാണാതായ മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷ്, കൊല്ലം സ്വദേശി സുജിത്ത് എന്നിവരുടെ മൃതദേഹമാണ് മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള ഖുബാറയില്‍ നിന്നു കണ്ടെടുത്തത്. ഇബ്രിക്കു സമീപം അറാഖിയില്‍ സൂപര്‍മാര്‍ക്കറ്റ് നടത്തുന്ന ഇരുവരും അമലയിലുള്ള ഇവരുടെ മറ്റൊരു കടയിലേക്ക് വാഹനത്തില്‍ പോവുമ്പോഴാണ് ഞായറാഴ്ച വൈകീട്ടോടെ ഒഴുക്കില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം ഒഴുക്കില്‍പെട്ട സ്ഥലത്തുനിന്ന് അല്‍പം അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുജിത്തിന്റെ മാതാപിതാക്കളും ഭാര്യയും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒമാനിലാണ് താമസം. ബിജീഷും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.