Friday, September 30, 2022
HomeGulfOman2040ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമാകും

2040ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമാകും

മസ്‌കത്ത്: 2040ഓടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമായി ഉയരുമെന്ന് നഗരാസൂത്രണ-ഭവന നിര്‍മാണ വകുപ്പ്. ഇതില്‍ 39 ലക്ഷം പേരും വിദേശികളായിരിക്കും. ഈ എണ്ണം മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന്റെ വിഷന്‍ 2040ന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള നഗരങ്ങളും മറ്റും നിര്‍മിക്കാനാണ് പദ്ധതി. സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള സുസ്ഥിര നഗര മാതൃകകളാണ് മുന്നോട്ടുവെക്കുകയെന്നും നഗരാസൂത്രണ-ഭവന നിര്‍മാണ വകുപ്പ് അറിയിച്ചു. ഇതുവഴി ഒമാനെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റിയെടുക്കാമെന്ന വിഷന്‍ 2040ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാനി തനിമ കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുന്ന രീതിയിലായിരിക്കും നഗരാസൂത്രണം. ഓരോ ഗവര്‍ണറേറ്റിലും അതിന്റെ വിവിധ ഘടകങ്ങള്‍ ആസ്പദമാക്കിയുള്ള സംയോജിത വികസന പദ്ധതിയായിരിക്കും നടപ്പില്‍ വരുത്തുക. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ളതാകും വികസന പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി ലോലപ്രദേശങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സംവിധാനമൊരുക്കുകയെന്നതും നഗരാസൂത്രണത്തില്‍ പ്രധാന ഘടകമാണ്.

Most Popular