ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്-19; സാമൂഹിക വ്യാപന ഘട്ടത്തിലെന്ന് മന്ത്രാലയം

മസ്‌കത്ത്: ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. ഇവരില്‍ 23 പേര്‍ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 പേര്‍ക്ക് നേരത്തേ രോഗികളായവരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ്
വൈറസ് ബാധയേറ്റത്. എട്ടുപേര്‍ക്ക് യാത്രയിലൂടെയാണ് രേഗമുണ്ടായത്. ഇതുവരെ രോഗബാധിതരായവരില്‍ 90 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് വൈറസ് ബാധയുടെ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസ്‌നി അറിയിച്ചു. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴി. ജനങ്ങള്‍ മുഖാവരണങ്ങളും മാസ്‌കുകളും ഉപയോഗിക്കുന്നതിനേക്കാള്‍ ഉപരി കൈകള്‍ വൃത്തിയായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. രോഗ ബാധിതരെ ആശുപത്രികളിലെ ഐസോലേഷന്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ തന്നെ ഇതിന് സജ്ജീകരണമൊരുക്കുകയാണ്. ചില രാജ്യങ്ങളില്‍ സ്ഥാപനങ്ങളിലെ ഐസോലേഷന്‍ സംവിധാനം രോഗ വ്യാപനത്തിന് വഴിയൊരുക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, രോഗിക്ക് മാനസിക പിന്തുണ കൂടി ലഭിക്കുന്നതിനാല്‍ വീടുകളിലെ ഐസോലേഷനാണ് ഗുണം കൂടുതലെന്നും ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.