മസ്‌കത്ത്: പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു. രാത്രികാല യാത്രാ വിലക്ക് ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. 24 വരെ നിയന്ത്രണം തുടരും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൊതു സ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഒക്ടോബര്‍ 11ന് രാത്രി എട്ട് മുതല്‍ യാത്രി യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 24 പുലര്‍ച്ചെ അഞ്ച് വരെ തുടരും.
ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കിയതായി സുപ്രിം കമ്മിറ്റി അറിയിച്ചു. നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണം. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു. നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവരുടെ പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുമെന്നും സുപ്രിം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. 1,04,129 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1009 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 91,731 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 11389 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി കഴിയുകയാണ്.