മസ്കത്ത്: സന്ദർശക വിസയിൽ ഓമനിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് വിസയിലേക്ക് മാറാമെന്ന് റോയൽ ഒമാൻ പോലീസ്. ഫാമിലി വിസ ഉള്ളവർക്കും സ്റ്റുഡന്റ് വിസക്കാർക്കും തൊഴിൽ പെര്‍മിറ്റിലേക്ക് മാറാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിബന്ധനകൾ ബാധകമാണ്.
വിദേശികളുടെ താമസനിയമത്തില്‍ പറയുന്ന വിവിധ വിസകള്‍ ഉത്തരവാദപ്പെട്ട അധികാരികള്‍ക്ക് തൊഴില്‍ വിസയും താല്‍ക്കാലിക തൊഴില്‍വിസയും ആക്കി മാറ്റാമെന്നാണ് തീരുമാനം.
ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെ സന്ദര്‍ശക വിസ, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ വരുന്നവരുടെ സന്ദര്‍ശക വിസ, സിംഗ്ള്‍ എന്‍ട്രി വിസ, ബിസിനസ് വിസ, എക്സ്പ്രസ് വിസ, ഇന്‍വെസ്റ്റര്‍ വിസ, സ്റ്റുഡന്റ് വിസ, കപ്പലില്‍ സേവനമനുഷ്ഠിക്കുന്ന നാവികരുടെ വിസ, ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരുടെ വിസ, റെസിഡന്‍ഷ്യല്‍ യൂനിറ്റ് ഉടമകളുടെയും കുടുംബങ്ങളുടെയും വിസ എന്നിവയാണ് തൊഴില്വിസയാക്കാന് അനുമതിയുള്ളത്. വിദേശികളുടെ താമസനിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ ചില വ്യവസ്ഥകള്‍ ഭേദഗതിചെയ്യാന്‍ പൊലീസ് നിര്‍ദേശം ഇറക്കിയ ശേഷമാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.