സുല്‍ത്താന്‍ ഖാബൂസ് വിടവാങ്ങി; ഹൈതം ബിന്‍ താരിഖ് പുതിയ ഒമാന്‍ ഭരണാധികാരി

Oman ruler Haitham bin Tariq Al Said

മസ്‌ക്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ മരണത്തെ തുടര്‍ന്ന് ഒമാന്റെ പുതിയ രാജാവായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിനെ തിരഞ്ഞെടുത്തു. മുന്‍ സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം.

രാജസിംഹാനത്തില്‍ ഒഴിവ് വന്നാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കണമെന്നാണ് ഒമാന്‍ ഭരണഘടന നിര്‍ദേശിക്കുന്നത്. പുതി സുല്‍ത്താന്‍, രാജകുടുംബത്തിലെ അംഗവും മുസ്ലിമും പ്രായപൂര്‍ത്തിയും പക്വതയുമുള്ളയാളുമായിരിക്കണം. പുതിയ ഭരണാധികാരിയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നസുല്‍ത്താന്‍ ഖാബൂസ് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ആധുനിക ഒമാന്റെ ശില്‍പിയായാണ് അദ്ദഹം അറിയപ്പെടുന്നത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴുമാസം ബാക്കി നില്‍ക്കെയാണ് മരണം. ഒമാന്‍ എന്ന രാജ്യത്തെ ഇന്ന് കാണുന്ന പ്രൗഡിയിലേക്കെത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ഭരണപാടവമായിരുന്നു. സുല്‍ത്താന്റെ മരണത്തോടനുബന്ധിച്ച് ഒമാനില്‍ മൂന്നുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് 40 ദിവസത്തെ ദേശീയ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

1940 നവംബര്‍ 18ന് ഒമാനിലെ സലാലയിലായിരുന്നു സുല്‍ത്താന്‍ ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏകമകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. ഇന്ത്യയിലും പഠനം നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്ന അദ്ദേഹം ദി കാമറൂണിയന്‍സ് (സ്‌കോട്ടിഷ് റൈഫിള്‍സ്) ഒന്നാം ബറ്റാലിയനിലേക്ക് നിയമിക്കുകയും ഒരുവര്‍ഷം ജര്‍മനിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1966 ലാണ് അദ്ദേഹം ഒമാനിലേക്ക് മടങ്ങിയത്. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍നിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഒമാന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ജനപ്രിയനായ സുല്‍ത്താന്‍ ഖാബൂസ്.

Content Highlights: Haitham bin Tariq ‘named successor’ to Oman’s Sultan Qaboos