Saturday, October 23, 2021
HomeNewsfeedഒമാനില്‍ കനത്ത മഴ തുടരുന്നു; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം, നാലുപേരെ കാണാതായി

ഒമാനില്‍ കനത്ത മഴ തുടരുന്നു; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം, നാലുപേരെ കാണാതായി

മസ്‌കത്ത്: ഒമാനില്‍ കനത്ത നാശംവിതച്ച് മഴ തുടരുന്നു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. വാദികളിലെ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. നിരവിധ പേരെ രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖദില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരിച്ചത്. ജലന്‍ ബനീ ബൂ ഹസ്സന്‍ വിലായത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മറ്റൊരു കുട്ടി മരിച്ചതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കുട്ടികള്‍ വെള്ളക്കെട്ടിന് സമീപത്തേക്ക് പോകുന്നത് സൂക്ഷിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.
heavy-rain-in-oman2

സമാഈല്‍ വിലായത്തില്‍ ജോലിക്കിടെയാണ് ജെസിബി ഡ്രൈവറായ വിദേശി മരണപ്പെട്ടത്. ജലമൊഴുക്കില്‍ പെടുകയായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നും വാദിയില്‍ കുടങ്ങിയ നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തിയത്. ഖുറിയാത്ത് വിലയത്തിലെ വാദി അല്‍-അര്‍ബഈന്‍ പ്രദേശത്ത് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുടുംബത്തെ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
heavy-rain-in-oman3

ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലയത്തിലെ വാദിയില്‍ കുടുങ്ങിയ ഒരു കുടുംബത്തെയും സുരക്ഷിതരാക്കി. അല്‍ കാമില്‍ അല്‍ വാഫി വിലയത്തിലെ വാദി അല്‍ സിലീല്‍ പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കാണാതായ സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തലസ്ഥാനത്ത് ഉള്‍പ്പെടെ മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular