Tuesday, September 27, 2022
HomeGulfOmanഒമാനില്‍ ഇനി പ്രവാസികള്‍ക്ക് ജോലി മാറാന്‍ എന്‍ഒസി വേണ്ട

ഒമാനില്‍ ഇനി പ്രവാസികള്‍ക്ക് ജോലി മാറാന്‍ എന്‍ഒസി വേണ്ട

മസ്‌ക്കത്ത്: ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി(എന്‍ഒസി) ഇല്ലാതെ ജോലി മാറാം. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം. ഇതിന് തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചുവിട്ടതിന്റെയോ അല്ലെങ്കില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതി. വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

അടുത്ത വര്‍ഷം ജനുവരി 1 മുതലാകും എന്‍ഒസി ഒഴിവാക്കല്‍ പ്രാബല്യത്തില്‍ വരുക. രണ്ടാമത്തെ തൊഴിലുടമയും വിദേശ തൊഴിലാളിയുമായുള്ള കരാറിന് സര്‍ക്കാര്‍ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്ഥകള്‍ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡന്‍സ് പെര്‍മിറ്റ് മാറുമ്പോള്‍ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.

2014ലാണ് ഒമാനില്‍ എന്‍ഒസി നടപ്പില്‍ വരുത്തിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാന്‍ വിട്ട് രണ്ട് വര്‍ഷ കാലയളവില്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുമതി ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിയമം വലിയൊരു ശതമാനം പ്രവാസികള്‍ക്ക് ആശ്വാസകരമാവും.

man removes NOC, expats can switch jobs


 

Most Popular