മസ്ക്കത്ത്: 1999ല്‍ ഒമാനിലെ ഹൈമ വിലായത്തില്‍ കണ്ടെത്തിയ സൈഹ് അല്‍ ഉഹൈമിര്‍ 008 എന്ന ഉല്‍ക്കാ ശില അതിന്റെ യഥാര്‍ത്ഥ വീടായ ചൊവ്വയിലേക്ക് കൊണ്ടുപോയി. നാസയുടെ ചൊവ്വാ ദൗത്യത്തിലാണ് ശാസ്ത്രലോകത്ത് തന്നെ സുപ്രധാനമായ ഈ ചുവട് വയ്പ്പ് നടന്നത്. മനുഷ്യന് ചൊവ്വയിലേക്ക് തിരിച്ചയക്കുന്ന ആദ്യത്തെ കല്ലാണ് ഒമാനില്‍ നിന്നുള്ളത്. സൂര്യന്റെ ജനനത്തിന് ശേഷം സൗരയൂഥത്തിലുണ്ടായ വിവിധ വികാസ പരിണാമങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയുള്ളതാണ് നാസാ ദൗത്യം.
എട്ട് കിലോയിലധികം ഭാരമുള്ള സൈഹ് അല്‍ ഉഹൈമിര്‍ 450 ദശലക്ഷം വര്‍ഷം മുമ്പ് രൂപം കൊണ്ടതാണെന്നാണ് കണക്കാക്കുന്നത്. ചൊവ്വയില്‍ ഒരു വാല്‍നക്ഷത്രം ഇടിച്ചതിനെ തുടര്‍ന്നാണ് ഇതില്‍ ചില കഷ്ണങ്ങള്‍ അടര്‍ന്ന് ഭൂമിയിലേക്കു പതിച്ചത്. ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ലബോറട്ടറിയില്‍ നടത്തിയ വിശദ പരിശോധയില്‍ ഈ കല്ല് ചൊവ്വയില്‍ നിന്നുള്ളതാണെന്ന് ഉറപ്പിച്ചിട്ടുള്ളതായി നാസ ട്വീറ്റ് ചെയ്തു.
ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഈ കല്ല് ഇതുവരെ സൂക്ഷിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ ഉല്‍ക്കാ ശിലകള്‍ ഇവിടെയുണ്ട്. ലോകത്ത് ഇതുവരെ ചൊവ്വയില്‍ നിന്നുള്ള 424 ഉല്‍ക്കാശിലകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി എടുക്കുന്ന ചിത്രങ്ങള്‍ കാലിബ്രേറ്റ് ചെയ്യുന്നതിന് ഒമാനില്‍ നിന്നുള്ള ഉല്‍ക്കാ ശില ഉപകരിക്കുമെന്നാണ് കരുതുന്നത്. പുതുതായി എടുക്കുന്ന കല്ലുകളുടെ നിറവും ഭൂമിയില്‍ നിന്ന് അയച്ച കല്ലിന്റെ നിറവും മറ്റു പ്രകൃതി സാഹചര്യങ്ങള്‍ ബാധിക്കാത്ത രീതിയില്‍ താരതമ്യം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് കാലിബ്രേഷന്‍.
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിലുള്ള സൈഹ് അല്‍ അഹ്മൈറിലാണ് ചൊവ്വയില്‍ നിന്നുള്ള കല്ല് കണ്ടെത്തിയതെന്ന് ഭൗമശാസ്ത്രജ്ഞനായ മുഹമ്മദ് അല്‍ കിന്ദി പറഞ്ഞു. 1999ല്‍ ആണ് ഇത് ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. രണ്ട് കിലോമീറ്റര്‍ അകലെ സൈഹ് അല്‍ ഉഹൈമിര്‍ 5 എന്ന് പേരിട്ട മറ്റൊരു കല്ല് കൂടി കണ്ടെത്തിയിരുന്നു. സൈഹ് അല്‍ ഉഹൈമിര്‍ 008ന്റെ രണ്ട് കഷ്ണങ്ങളും സൈഹ് അല്‍ ഉഹൈമിര്‍ 5ന്റെ മൂന്ന് കഷ്ണങ്ങളുമാണ് കണ്ടെത്തിയത്.
Meteorite returns to Mars from Oman
ALSO WATCH