ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ ഗള്‍ഫ് ചേംബറും ധാരണയായി

കൊച്ചി: ഇന്ത്യയിലെയും ഒമാനിലെയും സാമ്പത്തിക-വാണിജ്യ-വ്യാപാര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒസിസിഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐഎന്‍എംഇസിസി) ധാരണയായി.

ഒസിസിഐ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഐഎന്‍എംഇസിസി ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഗുണഭോക്താക്കളാകുന്ന വിധത്തിലാണു കരാറുകള്‍ നടപ്പാക്കുന്നതെന്നു ശൈഖ് ഫൈസല്‍ പറഞ്ഞു.

750 കോടി യുഎസ് ഡോളറിലേറെ നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭങ്ങള്‍ ഒമാനിലുണ്ടെന്ന് ഡോ. എന്‍.എം. ഷറഫുദ്ദീന്‍ പറഞ്ഞു.