ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

localisation in oman government sector

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട ആഘാതത്തില്‍ നില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം. സ്വന്തം തൊഴില്‍ ശക്തി വളര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു വരുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കനുള്ള സമയക്രമം ഉടന്‍ തയ്യാറാക്കണമെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഒമാനിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

കൊറോണ വ്യാപനവും എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഒമാനിലെ സാമ്പത്തിക രംഗം. രാജ്യത്തെ സ്വകാര്യ മേഖലയെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് പ്രതിസന്ധിയുടെ പേരില്‍ ഒമാന്‍ സ്വദേശികളായ തൊഴിലാളികളെ കമ്പനികളില്‍ നിന്നും പിരിച്ചുവിടുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിരവധി സ്വകാര്യ സ്ഥാപനങ്ങളും വിദേശികളോട് സേവനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒമാനിലെ 46 ലക്ഷം വരുന്ന ജനസംഖ്യയില്‍ മൂന്നിലൊന്ന് പ്രവാസികളാണ്. 2274 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. പത്ത് പേര്‍ മരിക്കുകയും ചെയ്തു.

Oman’s finance ministry told state companies on Wednesday to replace foreign workers with locals, as part of efforts to develop the national workforce, state-owned Oman News Agency reported.