Monday, May 16, 2022
HomeNewsfeedഗാന്ധി സമാധാന സമ്മാനം അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തയ്മോറിന്; നന്ദി അറിയിച്ച്...

ഗാന്ധി സമാധാന സമ്മാനം അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തയ്മോറിന്; നന്ദി അറിയിച്ച് ഒമാന്‍

മസ്‌കത്ത്: 2019 ലെ ഗാന്ധി സമാധാന സമ്മാനം അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തയ്മോര്‍ സമ്മാനിച്ചതായുള്ള പ്രഖ്യാപനത്തെ ഒമാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. അക്രമരഹിത മാര്‍ഗങ്ങളിലൂടെ സാമൂഹിക, സാമ്ബത്തിക, രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഗാന്ധി സമാധാന സമ്മാനം നല്‍കുന്നത്. 2015ല്‍ ഗാന്ധിജിയുടെ 125ാം ജന്മശതാബ്ദി ദിനത്തിലാണ് ഈ അവാര്‍ഡ് ആദ്യമായി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷന്‍, ലോക്‌സഭ സ്പീക്കര്‍, സാമൂഹിക സേവന സംഘടനയായ സുലഭ് ഇന്റര്‍നാഷനല്‍ സ്ഥാപകന്‍ എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് 2019ലെ പുരസ്‌കാരം സുല്‍ത്താന്‍ ഖാബൂസിന് മരണാനന്തര ബഹുമതിയായി നല്‍കാന്‍ തീരുമാനിച്ചത്. അഹിംസയിലൂടെയും ഗാന്ധിയന്‍ മാര്‍ഗങ്ങളിലൂടെയും സാമൂഹിക, സാമ്ബത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് തൈമൂറിന് പുരസ്‌കാരം സമ്മാനിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സമ്മാന വിധിന്യായ സമിതി ചെയര്‍മാന്‍, ജൂറിയിലെ മറ്റ് അംഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി ഒമാന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനത്തിനും പ്രാദേശിക തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ അന്തരിച്ച ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖബൂസിന്റെ പിന്തുണയെ അംഗീകരിച്ചാണ് ഇന്ത്യയുടെ പുരസ്‌കാരമെന്ന് മന്ത്രാലയം അറിയിച്ചു.

Most Popular